അയ്യോ ഭൂമി ഡിസംബർ 13ന് ഓട്ടം നിർത്താൻ പോകുന്നേ!! സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയുടെ യാഥാർഥ്യമിതാണ്.

അയ്യോ ഭൂമി ഡിസംബർ 13ന് ഓട്ടം നിർത്താൻ പോകുന്നേ!! സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയുടെ യാഥാർഥ്യമിതാണ്.


കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ചുറ്റിക്കറങ്ങുന്ന ഒരു ഭീതിജനകമായ വാര്‍ത്തയുണ്ട്: ഡിസംബര്‍ 13-ാം തീയതി നേരം വെളുക്കില്ല പോല്‍! അതായത്, 24 മണിക്കൂര്‍ രാത്രിയായിരിക്കുമത്രേ!ചില ഓണ്‍ലൈന്‍ ടി.വി ചാനലുകാരാണീ വാര്‍ത്ത അവതരിപ്പിച്ചത്. അതു പലരും ഷെയറു ചെയ്തു.പതിവുപോലെ 'നാസ' യെ ഉദ്ധരിച്ചാണ് കസര്‍ത്ത്. അല്ലെങ്കിലും ഇപ്പോള്‍ ലോകത്തേതു കാര്യവും പ്രവചിക്കുന്ന ഏജന്‍സിയായിട്ടാണല്ലോ നാസയെ ചിലര്‍ അവതരിപ്പിച്ചു പോരുന്നത്. 'അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി പിണറായി വിജയന്‍' എന്നുവരെ നാസ പ്രവചിച്ചു കഴിഞ്ഞു. അതവിടെ നില്‍ക്കട്ടെ, നമുക്കു കാര്യത്തിലേക്കു കടക്കാം. 13ാം തീയതി രാത്രി ഉറങ്ങാന്‍ കിടക്കുന്നു. 'രാവിലെ' 6 മണിക്കു കണ്‍തുറന്നു നോക്കുന്നു. നേരം വെളുത്തിട്ടില്ല. 7 മണി, ഇല്ല വെളുത്തിട്ടില്ല. 8 മണി, രക്ഷയില്ല. എല്ലാവരും എഴുന്നേറ്റു ചായയിട്ടു കുടിക്കുന്നു. അതിനിടയില്‍ അടുത്തും അകലെയുമുള്ള ബന്ധു മിത്രാദികളെ ഫോണില്‍ ബന്ധപ്പെടുന്നു. ഇല്ല, അവിടെയും നേരം വെളുത്തിട്ടില്ല. സ്ക്കൂളില്‍ പോകുന്ന കുട്ടികള്‍ക്കും ഓഫീസില്‍ പോകുന്ന വലിയവര്‍ക്കും പെരുത്തു സന്തോഷം. കൊതി തീരെ ഒന്നുറങ്ങീട്ടു കാലമേറെയായി. വീണ്ടും പുതപ്പിനുള്ളിലേക്ക്.......... ഇത്ര സിംപിളാണോ കാര്യങ്ങള്‍? അല്ലേയല്ല. പിന്നെ? ഭൂമിയുടെ ഭ്രമണം മൂലമാണ് രാവും പകലും ഉണ്ടാകുന്നതെന്നു നമുക്കറിയാം. ഭൂമി അതിന്‍റെ സാങ്കല്പിക അച്ചുതണ്ടില്‍ സ്വയം ചുറ്റിത്തിരിയുന്നതാണ് ഭ്രമണം. രാവു കഴിഞ്ഞ് പകല്‍ വരാതിരിക്കണമെങ്കില്‍ ഒന്നുകില്‍ ഭൂമിയുടെ ഭ്രമണം നിലയ്ക്കണം. അല്ലെങ്കില്‍ ഭൂമിയില്‍നിന്നു സൂര്യനെ മറയ്ക്കുന്ന വലിയൊരു വസ്തു ഇടയില്‍ വരണം. ഗ്രഹണങ്ങള്‍ വാവുദിനങ്ങളിലേ ഉണ്ടാവൂ. ഡിസംബറിലെ ഗ്രഹണങ്ങള്‍ 7നും 22നുമാണ്.(അല്ലെങ്കില്‍ തന്നെ പൂര്‍ണ്ണഗ്രഹണം ഏതാനും മിനിറ്റുകളേ നീണ്ടുനില്‍ക്കൂ.) ആദ്യത്തെ സാദ്ധ്യത പരിശോധിക്കാം. ഭൂമിയുടെ ഭ്രമണം ഒരു ദിവസത്തേക്കു നിലയ്ക്കുന്നു. അതിന് എന്തെങ്കിലും പ്രതിരോധം(resistance) ആവശ്യമാണ്. ഒരു തരം ബ്രേക്ക് സംവിധാനം. അതെപ്പറ്റി നാസ ഒന്നും പറയുന്നില്ല. ഇനി ഒരു ബ്രേക്കിട്ടു എന്നുതന്നെ കരുതുക. അപ്പോഴോ? നമ്മുടെ നിരത്തുകളിലൂടെ അമിതവേഗത്തില്‍(80 KM-120KM) ചീറിപ്പായുന്ന ഏതെങ്കിലും ഒരു വാഹനം സഡന്‍ ബ്രേക്കിട്ടാല്‍ ബെല്‍റ്റിടാതെ പിന്‍സീറ്റിലിരിക്കുന്നയാള്‍ മുന്‍പിലേക്കെടുത്തെറിയപ്പെട്ട് ഫ്രണ്ട് ഗ്ലാസ്സ് തകര്‍ത്ത് റോഡില്‍ പോയി വീണ് തണ്ണിമത്തന്‍ പോലെ ചിതറും. (ന്യൂട്ടന്‍റെ ഒന്നാം ചലനനിയമം- ജഡത്വം) ഏകദേശം 880km- 900km വേഗതയില്‍ സഞ്ചരിക്കുന്ന ഒരു ബോയിംഗ് വിമാനം പെട്ടെന്നു നിന്നാല്‍ ജഡത്വം മൂലമുള്ള വലിച്ചെറിയല്‍ അതിഭീകരമായിരിക്കും. ഇനി ഭൂമിയുടെ ഭ്രമണവേഗത അറിയുക. 460m/s അതായത് മണിക്കൂറില്‍ 1600 കിലോമീറ്ററിലധികം. ശബ്ദവേഗം വെറും 343m/s ആണെന്നറിയുമ്പോഴേ ഭൂമി എത്ര വേഗതയിലാണ് ഭ്രമണം ചെയ്യുന്നതെന്നു മനസ്സിലാകൂ. ആ ഭൂമി പെട്ടെന്നു നിശ്ചലമായാല്‍ മണിക്കൂറില്‍ 1600 കി.മീ.ലധികം വേഗതയുള്ള കൊടുങ്കാറ്റടിക്കും. ഭൗമോപരിതലത്തിലുള്ള സകലതും- പര്‍വ്വതങ്ങള്‍,പാറകള്‍, മണ്ണ്, പൂഴി, മരങ്ങള്‍, ജലം, മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍,കെട്ടിടങ്ങള്‍,........എന്തിനധികം വായുമണ്ഡലം പോലും സ്പേസിലേക്കെു ചുഴറ്റിയെറിയപ്പെടും. ഇത്രയും ഭീകരമായൊരറിയിപ്പ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കൊന്നും കിട്ടാത്തത് അത്ഭുതം തന്നെ. വെറും 100 കി.മീ. താഴെയുള്ള കുഞ്ഞന്‍ ഓഖിയും കത്രീനയുമൊക്കെ വരുന്നതിന് ആഴ്ചകള്‍ക്കു മുന്നേ വിപുലമായ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍, മുന്നറിയിപ്പുകള്‍, മുന്‍കരുതലുകള്‍ എല്ലാമുണ്ടായിരുന്നു. ഇതിപ്പോ... ഇനി ആ ബ്രേക്കൊന്നു പതുക്കെയിടാന്‍ ആരെങ്കിലും ചെന്ന് നാസയോടൊന്നു പറയുമോ?

റിപ്പോർട്ട്‌ ബൈ മിഥുലാജ് ഇരിട്ടി 

അഭിപ്രായങ്ങള്‍