കണ്ണൂർ വിമാനത്താവളം: ഉൽഘാടന ദിവസം ഗോ എയർ തിരുവനന്തപുരത്തേക്ക് സർവിസ് നടത്തും

കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഡിസംബര്‍ ഒന്‍പതിന് തിരുവനന്തപുരത്തേക്ക് വിമാനസര്‍വീസ് നടത്തും. ഗോ എയറാണ് ഒറ്റദിവസത്തേക്ക് മാത്രമായി ഈ സര്‍വീസ് നടത്തുന്നത്. ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്ന വിമാനം കണ്ണൂരിലിറങ്ങി യാത്രക്കാരെ കയറ്റി തിരുവനന്തപുരത്തേക്ക് പോവുകയാണു ചെയ്യുക. രണ്ട് സ്ഥലത്തേക്കും ടിക്കറ്റ് നല്‍കുകയും ചെയ്യും. ബെംഗളൂരുവില്‍നിന്ന് ഞായറാഴ്ച രാവിലെ 11.20ന് പുറപ്പെടുന്ന വിമാനം കണ്ണൂരില്‍ 12.20ന് എത്തും. വൈകുന്നേരം മൂന്നിന് തിരുവനന്തപുരത്തേക്ക് പുറപ്പെടും. 4.15ന് തിരുവനന്തപുരത്തെത്തും. ബെംഗളൂരുവില്‍നിന്ന് 2643 രൂപയും തിരുവനന്തപുരത്തേക്ക് 2948 രൂപയുമാണ് നിരക്ക്. ഈ സര്‍വീസ് പിന്നീട് സ്ഥിരപ്പെടാനിടയുണ്ട്. കണ്ണൂരില്‍നിന്ന് ആഭ്യന്തര, വിദേശ സര്‍വീസുകള്‍ നടത്താന്‍ ഗോ എയറിന് അനുമതി കിട്ടിയിട്ടുണ്ട്. ചൊവ്വാഴ്ച ഗോ എയര്‍ പ്രതിനിധികള്‍ കിയാല്‍ അധികൃതരുമായി ചര്‍ച്ച നടത്തി. അടുത്തദിവസംതന്നെ ചെന്നൈയിലേക്ക് സര്‍വീസ് തുടങ്ങാന്‍ ധാരണയായി.
www.irittyvarthakallive.com

അഭിപ്രായങ്ങള്‍