പറശ്ശിനി തിരുവപ്പന മഹോത്സവം ഡിസം. 2ന് കൊടിയേറും

 തളിപ്പറമ്പ് പറശ്ശിനി മുത്തപ്പൻ മടപ്പുര പുത്തരി തിരുവപ്പന മഹോത്സവം ഡിസംബർ രണ്ടിന് കൊടിയേറും. ഞായറാഴ്ച രാവിലെ 7.30ന് മാടമന ഇല്ലത്തു വലിയ തമ്പ്രാക്കൾ നാരായണൻ നമ്പൂതിരി കൊടി ഉയർത്തുന്നതോടെ ഉത്സവച്ചടങ്ങുകൾ ആരംഭിക്കും. പകൽ 2.30ന് മലയിറക്കൽ കർമവും മൂന്നുമുതൽ മുത്തപ്പൻ ഭജനവാദ്യ സംഘത്തിന്റെ കാഴ്ചവരവും നടക്കും. ആയോധനകലാ അഭ്യാസത്തോടെ തയ്യിൽ കുടുംബക്കാരുടെ കാഴ്ചവരവ് മടപ്പുരയിൽ പ്രവേശിക്കും. തുടർന്ന് പതിനഞ്ചോളം ദേശക്കാരുടെ കാഴ്ചവരവുകളും മടപ്പുരയിൽ പ്രവേശിക്കും. വൈകിട്ട് 6.30ന് മുത്തപ്പൻ വെള്ളാട്ടം. തുടർന്ന് തെക്കരുടെ വരവെന്ന് അറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ 14 ദേശക്കാരുടെ കാഴ്ചകൾ മടപ്പുരയിലെത്തും. രാത്രി 12ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ കുന്നുമ്മൽ തറവാട്ടിൽനിന്ന് പറശ്ശിനി മടപ്പുര കുടുംബാംഗങ്ങളും കലശക്കാരുമടങ്ങിയ കലശം എഴുന്നെള്ളിപ്പ് മടപ്പുരയിൽ പ്രവേശിക്കും. മൂന്നിന് പുലർച്ചെ 5.30ന് പുത്തരി തിരുവപ്പന വെള്ളാട്ടം ആരംഭിക്കും. ഉത്സവാഘോഷത്തിന്റെ ഭാഗമായി നാലിന് പറശ്ശിനിക്കടവ് കച്ചവട ക്ഷേമ സംഘം വിവിധ പരിപാടികൾ സംഘടിപ്പിക്കും. വൈകിട്ട് ഏഴിന് മലബാർ കലാഭവൻ ടീം അവതരിപ്പിക്കുന്ന ഗാനമേളയും കോമഡി ഷോയും. അഞ്ചിന് വൈകിട്ട് ആറിന് പറശ്ശിനി മടപ്പുര മുത്തപ്പൻ സേവാ സമിതിയുടെ കാഴ്ചവരവ്. കൊവ്വൽ ചന്ദ്രോത്ത് പൊട്ടൻ ദേവസ്ഥാനത്തുനിന്നും താലപ്പൊലി, മുത്തുക്കുട, ശിങ്കാരി മേളം, വനിതാ കോൽക്കളി എന്നിവ അണിനിരക്കും. വിവിധ ദിവസങ്ങളിൽ പറശ്ശിനി മുത്തപ്പൻ കഥകളി യോഗത്തിന്റെ കഥകളിയുമുണ്ടാകും. അഞ്ചിന് രാത്രി ഒമ്പതിന് നളചരിതം നാലാം ദിവസം, ബാലി വിജയം, കിരാതം കഥകളിയും ആറിന് രാത്രി പത്തിന് ബാണയുദ്ധം, പ്രഹ്ലാദ ചരിതം, ഏഴിന് രാത്രി പത്തിന് കല്യാണ സൗഗന്ധികം എന്നീ കഥകളിയും അരങ്ങേറും. ആറിന് രാവിലെ കലശാട്ടത്തോടെ ഉത്സവം സമാപിക്കും. ആറുവരെ എല്ലാ ദിവസവും രാവിലെ തിരുവപ്പനയും വൈകിട്ട് മുത്തപ്പൻ വെള്ളാട്ടവുമുണ്ടാകും.

Report by midhulaj iritty

അഭിപ്രായങ്ങള്‍