വയൽക്കിളികളെയും വഞ്ചിച്ചു ബിജെപി മാപ്പുപറയണം: പി ജയരാജൻ
കണ്ണൂർ
ദേശീയ പാത കീഴാറ്റൂർ ബൈപ്പാസിനുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിന് 3ജി വിജ്ഞാപനം പുറത്തുവന്ന സാഹചര്യത്തിൽ ജനങ്ങളെ കബളിപ്പിച്ചതിന് ബിജെപി നേതൃത്വം മാപ്പ് പറയണമെന്ന‌് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വയൽക്കിളി സമരക്കാരെയടക്കം വഞ്ചിച്ചിരിക്കയാണ‌് ബിജെപിയെന്നും അദ്ദേഹംപറഞ്ഞു.
സിപിഐ എമ്മിനെ ഒതുക്കാം എന്ന ധാരണയോടെ വിരുദ്ധ ശക്തികളാകെ ഒത്തുചേരുന്ന കാഴ്ചയാണ് കീഴാറ്റൂരിൽ കണ്ടത്. ചില മാധ്യമങ്ങളും സമരത്തെ വല്ലാതെ പ്രോത്സാഹിപ്പിച്ചു. ജമാ അത്തെ ഇസ്ലാമി മുഖപത്രം കീഴാറ്റൂരിൽ നന്ദിഗ്രാം ആവർത്തിക്കുമെന്ന‌് പ്രഖ്യാപിച്ചാണ‌് സമരത്തെ പിന്തുണച്ചത‌്. കീഴാറ്റൂരിലെ വയലുകളാകെ ഇല്ലാതാക്കാൻ പോകുന്നുവെന്ന‌് പ്രചരിപ്പിച്ച‌് രാഷ്ട്രീയ മുതലെടുപ്പിനാണ‌് ബിജെപി ശ്രമിച്ചത‌്. പി സി ജോർജ‌്, സുരേഷ‌്ഗോപി എംപി, വി എം സുധീരൻ എന്നിവരൊക്കെ മുന്നണിയായി കീഴാറ്റൂർ വയലിലെത്തി. ബംഗാളിൽനിന്നുള്ള ബിജെപി നേതാവിനെ സിംഗൂരിലേതെന്നു പറഞ്ഞ‌് മണ്ണുമായി കൊണ്ടുവന്ന‌് നാടകം നടത്തി. വളപട്ടണം–- ചാല ബൈപ്പാസ് വാരംവയൽ വഴിയാക്കണമെന്നാവശ്യപ്പെട്ട‌് 2015ൽ കേന്ദ്രമന്ത്രി നിധിൻ ഗഡ‌്കരിക്ക‌് നിവേദനം നൽകിയ ബിജെപി ദേശീയ നിർവാഹക സമിതിയംഗം ‘കർഷകരക്ഷാ മാർച്ച്' നടത്തിയതും എല്ലാവരും കണ്ടു. ശബരിമലയിലും ഇതേ ഇരട്ടത്താപ്പാണ‌് ബിജെപി അനുവർത്തിക്കുന്നത‌്. കാപട്യത്തിന്റെ ആൾക്കൂട്ടമാണ് സംഘപരിവാരമെന്നു തെളിയിക്കുന്നതാണ‌് ഇതൊക്കെ.
ബിജെപി സംസ്ഥാന നേതാക്കൾ ഒന്നാകെ കീഴാറ്റൂരിലെത്തി സമരത്തിന‌് പിന്തുണ പ്രഖ്യാപിക്കുകയും കേന്ദ്രം ഇടപെടുമെന്ന വാഗ്ദാനം നൽകുകയും ചെയ്തു. കോൺഗ്രസ‌് നേതാവ‌് വി എം സുധീരന്റെ ഇരട്ടത്താപ്പാണ‌് ഏറ്റവും രസകരം. ആലപ്പുഴ ബൈപ്പാസിനുവേണ്ടി നെൽവയൽ നികത്തിയപ്പോൾ അനുകൂലിച്ച സുധീരൻ ഇവിടെ സമരക്കാർക്ക‌് പിന്തുണ നൽകി. സിപിഐ എം വിരോധത്തിന്റെ പേരിൽ ഇവർ സ്വീകരിച്ച നിലപാട‌് നാടിന്റെ വികസനം തകർക്കുന്നതായിരുന്നു. ദേശീയപാത വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അത്രയും വലിയ ഗതാഗതക്കരുക്കാണ് അനുഭവപ്പെടുന്നത്. കണ്ണൂർ വിമാനത്താവളം തുറക്കുന്നതോടെ കുരുക്ക് കൂടുതൽ ശക്തിപ്പെടും. അതിനാൽ തെറ്റായ നിലപാടുകൾ തിരുത്തി അതിവേഗം ദേശീയപാത വികസനം സാധ്യമാക്കുന്നതിന‌് എല്ലാ രാഷ്ട്രീയ പാർടികളും ജനങ്ങളാകെയും മുന്നോട്ടുവരണമെന്ന‌് പി ജയരാജൻ അഭ്യർഥിച്ചു.
കീഴാറ്റൂരിൽ ആദ്യഘട്ടത്തിൽ ജനങ്ങളുടെ വികാരം ന്യായമായിരുന്നു. വയൽ അപ്പാടെ പോകുമെന്നാണ‌് പ്രചരിപ്പിക്കപ്പെട്ടത‌്. സ്വാഭാവികമായും ജനങ്ങളിൽ വലിയ ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ കാര്യങ്ങൾ ബോധ്യപ്പെട്ടതോടെ ഭൂരിഭാഗം കൃഷിക്കാരും ഭൂമി വിട്ടുകൊടുക്കാൻ സന്നദ്ധരായി. അപ്പോഴാണ‌് വയൽക്കിളികളുടെ വരവ‌്. അവരെ മുന്നിൽനിർത്തി സിപിഐ എമ്മിനെ തകർക്കാൻ എല്ലാ വിരുദ്ധ ശക്തികളും ശ്രമിക്കുകയായിരുന്നു. ഇനി സമരത്തിന‌് പ്രസക്തിയില്ല. വയൽക്കിളികളെ പിരിച്ചുവിടണം. തെറ്റായ നിലപാട‌് തിരുത്തി തിരിച്ചുവരുന്നവരെ സിപിഐ എം സ്വീകരിക്കുമെന്നും ജയരാജൻ വ്യക്തമാക്കി.www.irittyvarthakallivebloger.com
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ